#Nithin Raj #Dr Ram #Kannur Dental College #Thalassery Court #Arrest
തലശ്ശേരി: കണ്ണൂർ ഡെൻ്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണക്കേസിൽ മുഖ്യപ്രതി ഡോ. എം കെ റാമിന്റെ അറസ്റ്റിനെ തുടർന്ന് തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങൾ.
നടപടി ക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഡോ. റാമിനെ വിട്ടയച്ചു. എന്നാൽ കോടതി വിട്ടയച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ റാമിനെ ക്രൈം ബ്രാഞ്ച് സംഘം വീണ്ടും കസ്റ്റഡിയിലെടുത്തു. കോടതി വളപ്പിൽ നിന്ന് ബലം പ്രയോഗിച്ചായിരുന്നു കസ്റ്റഡിയിൽ എടുത്തത്.
ക്രൈംബ്രാഞ്ച് നടപടി നിയമ വിരുദ്ധമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ എം. കിഷോർ കുമാർ പ്രതികരിച്ചു. അറസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് കോടതി വിട്ടയച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിതിൻ രാജ് ജീവനൊടുക്കി മൂന്ന് മാസം പിന്നിടുമ്പോഴാണ് കേസിലെ പ്രധാന പ്രതിയായ ഡോ. റാം പിടിയിലാകുന്നത്. കർണാടകയിലെ കുടകിൽ ഒളിവിൽ കഴിയുകയായിരുന്ന റാമിനെ ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രിയാണ് പിടികൂടിയത്.
താടി വെച്ച് രൂപം മാറിയ റാം സ്വന്തം നാടായ ആന്ധ്രാപ്രദേശിലെ ചിറ്റൂരിലും ഗുണ്ടൂരിലും മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് കുടകിലേക്ക് കടന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കാതെ രണ്ട് സഹായികൾക്കൊപ്പമായിരുന്നു ഒളിവ് ജീവിതം.
അന്വേഷണ സംഘത്തിന് മൊഴി നൽകിയ റാം നിതിനെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് പറഞ്ഞു. വകുപ്പ് മേധാവി എന്ന നിലയിൽ മാർക്ക് കുറഞ്ഞ കുട്ടികളെ ശാസിച്ചിട്ടുണ്ടെന്നും ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും റാം വ്യക്തമാക്കി.
മുൻകൂർ ജാമ്യപേക്ഷ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് റാമിനായി ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയത്
Content Highlight: Nithin Raj Case: Dr Ram Released by Court, Rearrested by Crime Branch at Thalassery
#Nithin Raj #Dr Ram #Kannur Dental College #Thalassery Court #Arrest

















.jpeg)




















